ബദര്‍ എന്ന് കേള്‍ക്കാത്ത
മാപ്പിളയുണ്ടാവില്ലെന്നുറപ്പാണ്.പുണ്യനഗരമായ മദീനയില്‍ നിന്നും കുറച്ചകലെ
മാത്രം സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം,അസത്യത്തിനുമേല്‍ സത്യത്തിന്റെ വിജയത്തിന് സാക്ഷിയായ ഗ്രാമം,അതാണ് “ബദർ”!!
ബെല്‍ഗാം
എന്നാല്‍ പോത്തുകളുടെ മൊത്തക്കച്ചവടം നടക്കുന്ന പട്ടണം.പോത്തു
കച്ചവടക്കാരനായ ഒരു സുഹൃത്ത് പകര്‍ന്നു തന്ന അറിവ് മാത്രമേ എനിക്ക്
ബെല്‍ഗാമിനെക്കുറിച്ചുള്ളൂ. =ചാരനിറത്തിലുള്ള ക്ഷീണിച്ചുണങ്ങിയ പോത്തുകളെ
എണ്ണയും കരിയും തൊലിയില്‍ തേച്ചുപിടിപ്പിച്ച്, താടിയും മുടിയും കറുപ്പിച്ച്
നടക്കുന്ന നമ്മുടെ നാട്ടിലെ തൈക്കിഴവന്മാരെപ്പോലെ, "യുവ" പോത്തുകളാക്കി
മാറ്റുന്ന നാടാണ് ബെല്‍ഗാം എന്നും കേട്ടിട്ടുണ്ട്.
റമദാന്‍
പതിനേഴാണ് ഇതെഴുതാന്‍ കാരണം.ഹിജറ രണ്ടാം വര്‍ഷം റമദാന്‍
പതിനേഴിന് അത്യഷ്ണമുള്ള ഒരു വെള്ളിയാഴ്ചയാണു മരുഭൂമിയില്‍ വെച്ച് മുസ്ലിം
ലോകം ഇന്ന് നിലനില്‍ക്കാന്‍ തന്നെ കാരണമായ ആ ചരിത്രയുദ്ധം നടന്നത്. അതിന്റെ
സ്മരണയെന്നോണം ബെല്‍ഗാമിലെ പോത്തുകളെ മുളകിട്ട് വരട്ടി ചെമ്പിലാക്കി
വിളമ്പി ബദറിന്റെ ത്യാഗസ്മരണ നിലനിര്‍ത്തുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു.
ബദര്‍
എന്ന നാട്ടില്‍ വെച്ച് നടന്ന ഈ യുദ്ധത്തില്‍ പങ്കെടുത്ത സ്വഹാബികളെ
'ബദ്രീങ്ങള്‍' എന്നു പറയുന്നു. കേവലം മൂന്നൂറിനടുത്ത് വരുന്ന സ്വഹാബികള്‍
മൂന്നിരട്ടിയോളം വരുന്ന കുതിരപ്പടയുമായി വന്ന മക്കാ
മുശ്രിക്കുകളുമായി യുദ്ധം ചെയ്ത ദിവസമാണ് റമദാന്‍ പതിനേഴ്.
യുദ്ധസിദ്ധിയില്ലാതെ, യുദ്ധസാമഗ്രികളില്ലാതെ, ദൈവമാര്‍ഗ്ഗത്തില്‍
ജീവിക്കാന്‍ വേണ്ടി നടന്ന യുദ്ധമാണ് ബദർ!!
അബൂജഹൽ,
ഉത്ബത്, ശൈമ്പത്, വലീദ്, അംറ് എന്നീ ശക്തരായവരുടെ നേതൃത്വത്തില്‍
മക്കയില്‍ നിന്നും ആക്രമിക്കാന്‍ ശത്രുസൈന്യം വരുന്നുണ്ടെന്ന വിവരത്തെ
തുടര്‍ന്ന് പ്രവാചകന്‍ അനുചരന്മാരെ വിളിച്ചുകൂട്ടി അഭിപ്രായം ആരാഞ്ഞു.യുദ്ധമോ സൈന്യമോ പ്രതീക്ഷിക്കാതിരുന്ന ഒരു സമൂഹത്തിനു നേരെ ശത്രുസൈന്യം
സര്‍വ്വസന്നാഹങ്ങളുമായി ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍
പകച്ചു നിന്ന പ്രവാചകനോട് അനുചരന്മാര്‍ പറഞ്ഞു: "താങ്കളും താങ്കളുടെ
രക്ഷിതാവും പോയി യുദ്ധം ചെയ്തു കൊള്ളുക.ഞങ്ങള്‍ ഇവിടെ ഇരുന്നുകൊള്ളാം
എന്ന് മൂസ (അ) യോട് സ്വജനത പറഞ്ഞപോലെ ഞങ്ങള്‍ പറയുകയില്ല. അങ്ങയുടെ
മുന്നിലും പിന്നിലും ഇടത്തും വലത്തും നിന്ന് ഞങ്ങള്‍ പടപൊരുതും."
ഇതു കേട്ട് പ്രവാചകന്‍ പറഞ്ഞു എന്നാല്‍ പുറപ്പെടുക, അല്ലാഹു നമ്മെ
സഹായിക്കും.
വിശന്ന്
ദാഹിച്ചൊട്ടിയ വയറുമായി രണ്ട് കുതിരകളും എഴുപത് ഒട്ടകങ്ങളും മാത്രമുള്ള ആ
കൊച്ചു സംഘത്തെ നോക്കുമ്പോള്‍ തന്നെ വിവര്‍ണ്ണമാകുന്ന പ്രവാചകന്റെ മുഖം!!
കണ്ണീര്‍ പൊഴിയുന്ന കണ്ണുകൾ!! തലയിലിട്ട തട്ടം തോളിലേക്ക് വീഴുന്ന
തരത്തില്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി, കണ്ണുനീരൊലിപ്പിച്ച്, കരളലിഞ്ഞ്,
സാക്ഷാല്‍ പ്രവാചകന്‍ പ്രാര്‍ഥിച്ച ബദർ.
ഹൃദയവേദനയോടെ, താഴ്മയോടെ, വിറക്കുന്ന ശരീരത്തോടെ, കലങ്ങിയ കണ്ണുമായി പ്രവാചകന്‍ പ്രാര്‍ഥിച്ച വരികളാണിത്.
"അല്ലാഹുവേ....
ഈ ചെറുസംഘത്തെ ഈ ദിവസം നീ നശിപ്പിക്കുകയാണെങ്കിൽ, പിന്നെ ഈ ഭൂമുഖത്ത്
നിന്നെ ആരാധിക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. അല്ലാഹുവേ... നീ
എനിക്കു നല്‍കിയ വാഗ്ദാനം പൂര്‍ത്തിയാക്കിത്തരേണമേ....നിന്റെ സഹായം
ആവശ്യമുള്ള സമയമാണിത്. നിരായുധരായ എന്റെ സംഘത്തെ നീ സഹായിക്കേണമേ......."
ഉടുതുണിക്ക്
മറുതുണിയും ആയുധവും സന്നാഹവുമൊന്നുമില്ലാതെ ശക്തമായ ഈമാന്‍ മാത്രം
ഹൃദയത്തിലുള്ള, അല്ലാഹുവിന്റെ ഔലിയാക്കളായ ബദ്രീങ്ങള്‍ പടപൊരുതി
ആയിരകണക്കിനു ശത്രുക്കളെ തോല്‍പ്പിച്ച് ഇസ്ലാം മതം ലോകത്ത് ഇന്നു കാണുന്ന
രീതിയിയില്‍ നിലനിര്‍ത്താന്‍ സഹായിച്ച യുദ്ധമാണു ബദർ.ത്യാഗത്തിന്റെയും
ശക്തമായ വിശ്വാസത്തിന്റെയും പിന്‍ബലത്തില്‍ ശത്രുസൈന്യത്തെ കീഴടക്കിയ ബദർ.
ഈ യുദ്ധത്തില്‍ ആകെ പതിനാലു മുസ്ലിംകളും എഴുപതിനടുത്ത് മുശ്രിക്കുകളും
മാത്രമാണ് മരണപ്പെട്ടത്!!
ഏതൊരു
സമൂഹത്തിലും സമുദായത്തിലും പ്രമാണങ്ങള്‍ക്ക് എതിരു നില്‍ക്കുന്ന
"വിശ്വാസികൾ" ഉണ്ടാകുമെന്ന ചരിത്രം നമുക്കറിയാം. ത്യാഗം എന്നാല്‍ ബദര്‍
എന്ന് പഠിപ്പിച്ച സമൂഹത്തിലും ചില ന്യുനതകള്‍ കാലക്രമേണ
വന്നുകൂടിയിട്ടുണ്ട്. ത്യാഗത്തിന്റെ പ്രതീകമായ ബദറിനെ "Happy Badr Day"
എന്നീ വാക്കുകളില്‍ ഒതുക്കി ത്യാഗത്തിന്റെ, സഹനത്തിന്റെ, നിലനില്‍പ്പിന്റെ
പ്രതീകമായ ബദറിനെ കേവലം ആഘോഷങ്ങളിലൊതുക്കിയ മാലോകര്‍ക്കിടയിലായി
ഇന്ന് നാമെല്ലാം.
തലക്കെട്ടില്‍
പറഞ്ഞപോലെ ത്യാഗം എന്തെന്നറിയാത്തവര്‍ "ബെല്‍ഗാമിലെ പോത്തുകളെ കശാപ്പ്"
ചെയ്ത് സഹനത്തിന്റെ പ്രതീകമായ ബദറിനെ കൊഞ്ഞനം കുത്തുന്ന രീതിയില്‍
എത്തിച്ചു, അല്ല പൗരോഹിത്യമെന്ന വിഭാഗം എത്തിച്ചു! വിശപ്പും ദാഹവും വേദനയും
സഹിച്ച് ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ ആയുധമില്ലാതെ പോരാടിയ ബദര്‍
രക്തസാക്ഷികളെ ഒരു ചെമ്പ് ബെല്‍ഗാമിലെ പോത്തിറച്ചിക്കറിയിലൊതുക്കിയ
സമൂഹമായി പൗരോഹിത്യം അധ:പതിച്ചിരിക്കുന്നു.
നിലനില്‍പ്പിനു വേണ്ടി പോരാടിയ ബദ്രീങ്ങള്‍ "അല്ലാഹുവേ, നീയാണ് കാവൽ..." എന്ന് പ്രാര്‍ഥിച്ചവരോടുതന്നെ "ബദ്രീങ്ങളേ, നിങ്ങളാണ് കാവൽ..." എന്ന
നിലവാരത്തില്‍ പറയിപ്പിക്കാന്‍ തരത്തില്‍ സമൂഹം എത്തിക്കഴിഞ്ഞു.
ഏകദൈവവിശ്വാസം എന്ന സന്ദേശത്തില്‍ മായം ചേര്‍ത്തു എന്ന വിവരം പോലുമില്ലാതെ
അവര്‍ പോത്തുകളിലും ബിരിയാണിയിലും ആനന്ദം കണ്ടെത്തുന്നു. ചിലര്‍ റമദാന്‍
പതിനേഴിനെ എങ്ങനെ തെണ്ടല്‍ മാസമാക്കി മാറ്റാം എന്നും തെളിയിച്ചു.
തെണ്ടുന്നവര്‍ തെണ്ടിയും തീറ്റിക്കാര്‍ പോത്തു വിളമ്പിയും ത്യാഗസ്മരണ
നിലനിര്‍ത്തട്ടെ.
കോളാമ്പി
മൈക്കിലൂടെ ചില പള്ളികളില്‍ നിന്നും ബദറില്‍ പങ്കെടുത്ത വിപ്ലവകാരികളുടെ
നാമം ഉരുവിട്ട് അല്ലാഹുവേ, നീ സംരക്ഷിക്കണമേ.. എന്ന് കരഞ്ഞ് പ്രാര്‍ഥിച്ച
അതേ ബദ്രീങ്ങളിലേക്ക് കാര്യം കാണാന്‍ വേണ്ടി കൈനീട്ടി പ്രാര്‍ഥിക്കുന്ന
രീതിയിലേക്ക് സമുദായം എത്തിക്കഴിഞ്ഞു. പ്രമാണങ്ങള്‍ക്കു വിരുദ്ധമായ ഇത്തരം
ചെയ്തികള്‍ സമൂഹത്തെ പഠിപ്പിക്കേണ്ട പൗരോഹിത്യം തന്നെ വിളതിന്നുന്ന കാലം.പേരിലല്ല ഒരാളും മത വിശ്വാസികളാകുന്നത്, ചെയ്യുന്ന കര്‍മ്മത്തിലാണ് എന്ന്‍
മത വിശ്വാസികള്‍ തന്നെ മറക്കുന്നു.
ചെമ്പ്
വചനം: എന്തെഴുതിയാലും പറഞ്ഞാലും എല്ലാ റമദാന്‍ പതിനേഴിനും ബെല്‍ഗാമില്‍
നിന്നും കറുപ്പ് തേച്ച് മിനുക്കിയ പോത്തുകള്‍ വരും. അത് ചെമ്പിലാക്കി
വിളമ്പാന്‍ കുറേ പോത്തിന്റെ ബുദ്ധിയുള്ള കാക്കമാരും, കിടാവിന്റെ
ബുദ്ധിയുള്ള കുട്ട്യോളും ഉണ്ടാകും.മുന്നൂറില്‍ പരം ബദര്‍ വിപ്ലവകാരികളുടെ
പേരുകള്‍ ഒരൊറ്റ ശ്വാസത്തില്‍ കോളാമ്പി മൈക്കിലൂടെ
ഉരുവിടുന്ന മൊല്ലാക്കാക്ക് യഥേഷ്ടം കൈമടക്കും ഒരു ബക്കറ്റ് ഇറച്ചിയും എല്ലാ
കൊല്ലത്തേയും പോലെ തന്നെ കിട്ടും.
പദസൂചിക:
സ്വഹാബികൾ = പ്രവാചക അനുചരന്മാര്‍
ഹിജറ
= ഇസ്ലാമിക വര്‍ഷം (മക്കയില്‍ നിന്നും ശത്രുക്കളുടെ അക്രമം സഹിക്കവയ്യാതെ
പ്രവാചകന്‍ മദീനയിലേക്ക് പാലായനം ചെയ്ത നാള്‍ മുതല്‍ ഹിജറ വര്‍ഷം
ആരംഭിക്കുന്നു.)
മുശ്രിക്കുകൾ = മക്കയിലുള്ള ബഹുദൈവാരാധകര്‍
ഈമാൻ = വിശ്വാസം
ഔലിയാക്കൾ = അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍