തലക്കെട്ടിലെ ആര്‍ എസ് പി ചന്ദ്രചൂഡന്റേയും, ഷിബു ബേബിജോണിന്റെയും കൊല്ലത്തെ-
ആര്‍ എസ് പിയല്ല.
പക്ഷെ റമദാന്‍ അതു തന്നെ ഒരു മാസം മുസ്ലിംകള്‍ വ്രതമെടുക്കുന്ന ആ പുണ്യ മാസം.
ആര്‍ എസ് പി എന്നാല്‍ റമദാന്‍ സ്പെഷ്യല്‍ പാര്‍ട്ടിക്കാര്‍!!സീസണ്‍ ഭക്ത ജനങ്ങള്‍ എന്ന് ചുരുക്കം.
സകല ക്രീമും ഗ്ലാറ്റും,ഗ്ലീറ്റും തേച്ച് പളപളാ മിനുക്കിയ മുടിയില്‍ മാനത്ത് നിലാവുകണ്ട ദിവസം വിവിധ വര്‍ണ്ണത്തിലുള്ള തൊപ്പികള്‍ തലയില്‍ മുറുക്കിയിട്ട് റഫ് ആന്റ് ടഫ് ജീന്‍സ് മടക്കപ്പത്തിരി പോലെ മടക്കി മടക്കി തണ്ടം കാലുവരെ പിരിച്ചുവെച്ച ആര്‍ എസ് പി ക്കാര്‍.
ദിവസം രണ്ട് നേരം ഷേവും ചെയ്ത് കണ്ണാടിപോലെ മിനുമിനുക്കിയ മുഖത്ത് പതിനെട്ട് രോമം റമദാന്‍ മാസം 'മാത്രം രോമഞ്ചമായി' വളര്‍ത്തുന്ന ആര്‍ എസ് പിക്കാര്‍.
ജീവിതത്തില്‍ പൂവങ്കോഴി കൂവുന്നതും,സൂര്യനുദിക്കുന്നതും കേള്‍ക്കാത്തതും,കാണാത്തതുമായ ആര്‍ എസ് പിക്കാര്‍.
മാസങ്ങളോളം നിസ്കാരം തുടങ്ങാന്‍ ഒരു മഹ് ലൂഖിനെ കാത്തു നിന്ന പള്ളി ഇമാമിനെ അവ്വല്‍ സുബഹിക്ക് കാത്തു നില്‍ക്കുന്ന ആര്‍ എസ് പിക്കാര്‍.
പാവപ്പെട്ടവന്റെ മുഖത്തേക്ക് വാരി എറിയാന്‍ കിലുങ്ങുന്നതും കിലുങ്ങാത്തതുമായ ചില്ലറകള്‍ക്ക് അനാദിക്കടകളുടെ കോലായി നിരങ്ങുന്ന ആര്‍ എസ് പിക്കാരായ പണക്കാര്‍.
ഖുബ്ബൂസും പരിപ്പും പതിനൊന്നുമാസവും അകത്താകി ഏബ്ലക്കവും വിട്ട് റമദാന്‍ സമ്പൂര്‍ണ്ണമായി ‘ആഘോഷിക്കാന്‍‘ നാട്ടിലേക്ക് പറന്ന പ്രവാസി ആര്‍ എസ് പിക്കാര്‍.
കാക്കമാര്‍ പീടിക കോലായി തെണ്ടി പള പളക്കുന്ന ഗാന്ധി നോട്ടുകള്‍ മാറ്റി പകരം കിലുങ്ങുന്ന ചില്ലറ പോക്കറ്റിലാക്കിയത് കൈക്കലാക്കാന്‍ റമദാന്‍ മാസം പരിപൂര്‍ണ്ണ ‘തെണ്ടല്‍ മാസമാക്കി‘ മാറ്റിയ ആര്‍ എസ് പിക്കാര്‍.
ചാനലില്‍ ലൈവ് നോമ്പുതുറയും നീണ്ട ചര്‍ച്ചയും ,പേരില്‍ മാത്രമുള്ള മാപ്പിള സിനിമാ നടീ നടന്മാര്‍ വാടകക്കെടുത്ത തൊപ്പിയും പര്‍ദ്ധയും ധരിച്ച് വന്ന് ചര്‍ച്ചകള്‍ കൊഴുപ്പിച്ചു.
കണ്ട് നിന്ന മാപ്പിളച്ചിയായ ആര്‍ എസ് പി പെണ്ണുങ്ങള്‍ ദീര്‍ഘശ്വാസം വലിച്ചു "റബ്ബേ.. എന്താ ഒരു ഈമാന്‍" നമ്മടെ മാപ്പിള സിനിമക്കാര്‍ക്ക്.!!
ഫ്രീയായി കിട്ടിയ ആയിരം എസ് എം എസ് സകലര്‍ക്കും ‘ഹാപ്പി റമദാന്‍‘ എന്ന തലക്കെട്ടില്‍ തുരുതുരാ വിട്ട് സായൂജ്യമടഞു ആര്‍ എസ് പി ക്കാര്‍.
ഫ്രീ യായി എസ് എം എസ് ഇല്ലാത്തവര്‍ ഫൈസ് ബുക്കില്‍ കയറി സകല ഗ്രൂപ്പിലും വാളിലും പേജിലും കൈകള്‍ മേല്‍പ്പോട്ട് ഉയര്‍ത്തിയ എട്ടും പത്തും വയസ്സായ എട്ടും പൊട്ടും തിരിയാത്ത തൊപ്പിയും തട്ടവുമിട്ട കുട്ടിയോളുടെ ഫോട്ടോയും അതില്‍ സൂപ്പര്‍ ഡയലോഗും കാച്ചി.അത് പോസ്റ്റാനും ലൈക്കാനും ഷയറാനും ആര്‍ എസ് പി ക്കാര്‍ ക്യുവില്‍ നിന്നു.
പാവപ്പെട്ടവന്റെ വിഷപ്പും ദാഹവും വേദനയും അറിയാന്‍ ഒരു മാസക്കാലം അവരെ പോലെ പട്ടിണി കിടക്കേണ്ടവര്‍ മൂക്കറ്റം തിന്നു തിമിര്‍ത്തു.ഒരു സൂചിക്ക് പോലും ഇടമില്ലാത്ത വയറില്‍ പിന്നേയും തരിക്കാച്ചിയതും വലിച്ച് കുടിച്ചു.അതും മതിവരാത്ത ആര്‍ എസ് പിക്കാര്‍ അടുത്ത പഞ്ചായത്തിലേക്കും കുറച്ച് കൂടി വലിയ ആര്‍ എസ് പിക്കാര്‍ അടുത്ത ജില്ലകളിലേക്കും വണ്ടികളില്‍ ചീറിപാഞു ‘തെരുവിലെ റമദാന്‍ വിഭവം’ അകത്താക്കി റമദാനിനെ ഹയാത്താക്കാന്‍.
ആര്‍ എസ് പിക്കാര്‍ പെരുന്നാള്‍ തലേന്നും പിന്നീടും.
രോമഞ്ചമായി വളര്‍ത്തിയ പതിനെട്ട് താടിരോമം കവിളത്തെ തൊലിയടക്കം ചരണ്ടാന്‍ ബാര്‍ബര്‍ഷോപ്പില്‍ പാതിരാവരെ ക്യൂ വില്‍ നിന്ന് വടിച്ചെടുപ്പിച്ചു,രോമാഞ്ചമാക്കിയ കവിള്‍ത്തടം “തോലാഞ്ചമാക്കി”.
ശേഷം രാവിലെ നിസ്കാരവും മുസ്ല്ലിയാക്കന്മാരുടെ ഉപദേഷം കഴിഞ് മടങ്ങി.
ദിവസങ്ങള്‍ക്ക് മുമ്പ് ബെല്ലാരിയില്‍ നിന്നും തമിള്‍നാട്ടില്‍ നിന്നും കൊണ്ട് വന്ന ചാരക്കളറുള്ള പോത്തിനെ വെളിച്ചെണ്ണയും കരിയും തേച്ച് കറുകറുത്ത തൊലിയാക്കിയ മാറ്റിയ പോത്തിനെ ബിരിയാണി വെച്ച് അകത്താക്കിയും.(ആ പോത്തിനെ കാണുമ്പോള്‍ പെരുന്നാള്‍ സ്പെഷ്യലിന്റെ ഭാഗമായി നരച്ച് പുളിച്ച മുടിയും മീശയും കറുപ്പിച്ച കാക്കമാരെയാ ഓര്‍മവരുന്നത്.കറുപ്പിച്ച കാക്കമാര്‍ കറുപ്പിച്ച പോത്ത് ‘രണ്ടും നല്ല ചേര്‍ച്ച‘ !!)
പൊരയിലെ സകലമാന പാത്രങ്ങളും അടിച്ച് തകര്‍ത്ത് സഹികെട്ട വീട്ടുകാര്‍ വാങ്ങി കൊടുത്ത ബൈക്കില്‍ അല്ലെങ്കില്‍ ആരാനോട് എരന്നു വാങ്ങിയ അതുമല്ലെങ്കില്‍ വാടക ബൈക്കില്‍ തലയില്‍ പച്ചകെട്ടും കെട്ടി നിസ്കാര ശേഷം ഉപദേശിച്ച മുസ്ലിയാക്കളുടെ കണ്മുന്നില്‍ കൂടി ബൈക്കിന്റെ ആക്സ്ലേറ്റര്‍ അഞ്ചു വിരലുകൊണ്ട് മുരണ്ടി ജമ്പനും തുമ്പനും സ്റ്റൈലില്‍ ഒരൊറ്റ പറക്കല്‍... ശ് ശ് ശ്.ശൂ............!!!!
ഗള്‍ഫുകാരന്‍ നല്‍കിയ ഗാന്ധിനോട്ടില്‍ വാങ്ങിയ പച്ച ട്യൂബും ,പച്ചക്കൊടിയും കെട്ടിത്തൂക്കിയ പീടികകോലായില്‍ ഒത്തുകൂടിയ കംമ്പ്ലീറ്റ് കാരക്കോസ് ടീം വിവിധ ശബ്ദത്തില്‍ കൊരക്കുന്ന ബൈക്കും കാറിലൊരു ഗുമ്മുപാട്ടും പച്ചക്കൊടിയും തൂക്കി ചന്തിക്ക് താഴെയിട്ട പാന്റ്സ് ഒട്ടും ഇളകാതെ ഒടുക്കത്തെ ഡി ജെ സ്റ്റൈലില്‍ കൂത്താടി.കൂത്താട്ടം ഗള്‍ഫുകാരന്റെ മക്കള്‍ അടിപൊളി ക്യാമറ ഫോണില്‍ ഫോട്ടോ എടുത്ത് ഫൈസ് ബുക്കില്‍ അപ്ഡേറ്റികൊണ്ടിരുന്നു .കൂത്താട്ടം നേരില്‍ കാണാന്‍ പറ്റാത്തവര്‍ ലൈക്കും കമന്റും വാരി വാരിയെറിഞു ..!!
ആടുന്നവര്‍ക്കു ഹരം കൂടി ...കണ്ട് നിന്നവര്‍ പിറുപിറുത്തു മാപ്പിള ചെക്കന്മാര്‍ക്കു പിരാന്തായോ..??
എന്തോ ഭാഗ്യം എല്ലാമാസവും പെരുന്നാളില്ലാത്തത് രണ്ടാം ശനി പോലെയെന്നാരും കമന്റടിച്ചില്ല!!
അങ്ങനെ കൂത്താടുന്ന ഞാനടക്കമുള്ള യുവസമൂഹത്തോട് പറയാണുള്ളത് ഒരു നാള്‍ എല്ലാം ചോദ്യം ചെയ്യപ്പെടും!!
റമദാന്‍
ലോകത്തിന് വെളിച്ചവും യതാര്‍ഥ മാര്‍ഗ്ഗനിര്‍ദ്ദേശവും,വിശദീകരണവും നല്‍കാന്‍ ഇറങ്ങിയ ഖുറാന്‍ അവതരിച്ച മാസമാണ് റമദാന്‍. അനന്തമായ മനുഷ്യ ജീവിതത്തിന്റെ ഇടവേളയിലുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും. മനുഷ്യന്റെ ഇഹപര വിജയത്തിനാവശ്യമായ കാര്യങ്ങളുമാണു ഖുറാനിലുള്ളത്.മറ്റ് മാസങ്ങള്‍ പോലെ കേവല ഒരു മാസമല്ല ഒരു വിശ്വാസിക്ക് റമദാന്‍.ആത്മ സംസകരണവും ദൈവ ഭക്തിയുമാണ് റമദാനില്‍ ഒരു വിശ്വാസി നേടിയെടുക്കേണ്ടത്.അല്ലാതെ മുകളില്‍ പറഞത് പോലെ കേവലം സീസണ്‍ ഭക്തിയല്ല. നിങ്ങള്‍ക്കു ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്:ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല(ഖുറാന്‍ 2:185).
പ്രഭാതം മുതല്‍ പ്രദോഷം വരെ പട്ടിണി കിടന്നത് കൊണ്ട് വ്രതം പൂര്‍ണ്ണമായി എന്ന് കരുതേണ്ടതില്ല.നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്ത് ഒരാള്‍ പട്ടിണി കിടന്നത് കൊണ്ട് ഒരു കാര്യവുമില്ലെന്നര്‍ഥം.
കാരുണ്യം,ഐക്യം,ത്യാഗം,സാഹോദര്യം,ത്യാഗം,ദാനദര്‍മ്മം,ഔദാര്യം,ബന്ധം,സ്വഭാവ സംസകരണം,പാവപ്പെട്ടവന്റെ അവസ്ഥ മനസ്സിലാക്കല്‍,ഇച്ചകളെ നിയന്ത്രിക്കല്‍ എന്നീ കാര്യങ്ങളാണ് റമദാന്‍ വ്രതത്തിലൂടെ ഒരു വിശ്വാസി നേടേണ്ടത്.അല്ലാതെ എല്ലാ ഇച്ചകളേയും വികാര വിചാരങ്ങളെ നിയത്രിച്ച ഒരു വിശ്വാസി ഒരു മാസം നീണ്ട ഭക്തി ഒരൊറ്റ പെരുന്നാള്‍ ദിവസം തെരുവില്‍ കൂത്താടി മറ്റുള്ളവരുടെ മുന്നില്‍ മതത്തേയും ആചാരത്തേയും ചെളിവാരി എറിയുക്കുകല്ല ചെയ്യേണ്ടത്.
പെരുന്നാള്‍
ഇസ്ലാമിലെ എല്ലാ അഘോഷവും ആരാധനയാണ്.രണ്ട് ആഘോഷങ്ങളാണ് ഇസ്ലാമിക പ്രമാണങ്ങളിലുള്ളത്.ബലി പെരുന്നാളും,ചെറിയ പെരുന്നാളും(ഈദുല്‍ അദ്ഹ,ഈ ദുല്‍ഫിത്വര്‍).ആഘോഷം എങ്ങനെയായിരിക്കണമെന്നും ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.സാഹോദര്യം ഊട്ടിയുറപ്പിച്ചും,അയല്‍ വാസി ,ബന്ധു ഗൃഹങ്ങള്‍ സന്ദര്‍ശിച്ചും, സന്തോഷം കൈമാറിയാണ് ആഘോഷത്തെ ജീവസുറ്റതാക്കേണ്ടത്.അല്ലാതെ വാണം വിട്ടും,വെടിപൊട്ടിച്ചും,കള്ള് മോന്തിയുമല്ല.
സകാത്ത്,സദഖ
സകാത്തും ,സദഖയും ഏറ്റവും പുണ്യമുള്ള കാര്യമാണ്.ഇസ്ലാം ഏറെ പ്രോത്സാഹിപ്പിച്ച വിശയമാണ് സദഖ.ഇന്ന് കാണുന്നരീതിയില്‍ ചില്ലറകള്‍ക്കു വേണ്ടി തെണ്ടിക്കാന്‍ അവസരമുണ്ടാക്കിയവരാണതിന്റെ ഉത്തരവാദികള്‍.അങ്ങനെ കൈ നീട്ടി യാചിച്ച് ജീവിക്കുന്നതിനെ ശക്തമായ ഭാഷയില്‍ ഇസ്ലാം വിലക്കിയിട്ടുണ്ട്.
സക്കാത്താവട്ടെ ഓരൊ കഴിവുള്ള മുസ്ലിമിന് നിര്‍ബന്ദവും.അത് സമൂഹത്തില്‍ ഇറങ്ങി ചെന്ന് കൊടുക്കേണ്ട ഒരു ഇസ്ലാമിക കര്‍മ്മവുമാണ്.നമസ്ക്കാരം,നോമ്പ്,ഹജ്ജ് പോലെ തന്നെ പ്രാധാന്യമുള്ള വിശയം.വീട്ടിന്റെ പടി ചവിട്ടാന്‍ കാത്തിരിക്കുന്ന ഈ രീതി ഇസ്ലമികമല്ല. സക്കാത്തിനു അതിന്റേതായ അവകാശികളുണ്ട്.ഇന്ന് സദഖയും സക്കാത്തും കൂട്ടി ക്കുഴച്ച് ഒരു കൊക്ട്ടൈലാക്കി.
പവര്‍ക്കട്ട്: പ്രിയരേ ,വ്രതമെടുക്കുന്നവരെ പരിഹസിക്കാനോ മറ്റോ അല്ല എഴുതിയത്.കണ്ടു മടുത്ത കാഴ്ചകള്‍ എന്നെ കൊണ്ട് എഴുതിപ്പിച്ചു . എന്നും ഒരു യതാര്ഥ വിശ്വാസി യാകാന്‍ എല്ലാവര്ക്കും കഴിയട്ടെ... ഒരു മാസം തൊപ്പിയും പതിനൊന്നു മാസം കുപ്പിയും എന്ന്‍ പൊതു സമൂഹം പറയുന്നത് നിര്‍ത്താന്‍ നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു . മുകളില്‍ കൊടുത്തത് പരിഹാസമായോ മറ്റോ തോന്നുന്നെങ്കില്‍ അത് തികച്ചും യാഥാര്‍തഥ്യമാണ്. കാരണം പല ആരാധനാ കര്‍മ്മങ്ങളും കേവലം “പരിഹാസമാക്കി” മാറ്റിയവരായ ഞാനടക്കമടങ്ങുന്ന സമൂഹമാണതിന് ഉത്തരവാദികള്‍.അല്ലാഹുവില്‍ നിന്നുള്ള നേരായ മാര്‍ഗം കപടതയില്ലാതെ പിന്തുടരാന്‍ നമുക്ക് അല്ലാഹു കഴിവ് തരട്ടെ...ആമീന്‍
---------------------------------------------------------------------------
മഹ് ലൂഖ്-മനുഷ്യന്‍
അവ്വല്‍ സുബഹി-അതിരാവിലെ
സദഖ-ചാരിറ്റി
തരികാച്ചി-റവകൊണ്ടുള്ള ഒരു പായസം.
ഹയാത്താക്കല്‍-ഉറങ്ങാതിരിക്കല്‍,ജീവിപ്പിക്കല്‍