എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Friday, September 20, 2013

വര്‍ഗീയത നാട്ടില്‍,മാവോയിസം കാട്ടില്‍!!

TERROR എന്ന ഇംഗ്ലീഷ് വാക്കിന്‍റെ മലയാളം അര്‍ത്ഥമാണ് "ഭീതി,ഭയം,മഹാഭയം ഉഗ്രഭയം".1988 നു ശേഷം മാത്രമാണ് Terror എന്ന പദത്തിനു ഇന്ന് കാണുന്ന രീതിയിലുള്ള അര്‍ത്ഥങ്ങളും,വ്യാഖാനങ്ങളും നല്‍കിയത് അതും ഇന്നത്തെ ഭീകരവാദത്തിന്റെയും,തീവ്രവാദത്തിന്റെയും മൊത്ത ചില്ലറ വ്യാപാരികളും,ഉപഭോക്താക്കളുമായ  ഫാദര്‍ ലെസ്സ് അമേരിക്ക!!അമേരിക്കന്‍ കരസേനയുടെ പഠനപ്രകാരംTerror എന്ന വാക്കിനു നൂറില്‍ കൂടുതല്‍ നിര്‍വചനങ്ങള്‍ ഉണ്ടെന്നാണ് അവരുടെ തന്നെ ഭാഷ്യം.Terror എന്ന വാക്കിനു ലോക പോലീസ് ഏമാന്മാര്‍ ഭീകരവാദം,തീവ്രവാദം എന്ന രണ്ട് അര്‍ത്ഥവും കൊടുത്ത് വളരെ ഉഷാറാക്കി വിവരിച്ചു കഴിഞ്ഞു.ജിഹാദ് എന്ന അറബി പദത്തിന് മുസ്ലിംകളുടെ വിശുദ്ധ യുദ്ധം എന്ന് മാത്രം അര്‍ത്ഥം നല്‍കിയത് പോലെ!!

രാഷ്ട്രീയ കക്ഷികള്‍,മത സംഘടനകള്‍,ഏകാധിപതികള്‍,വിപ്ലവ പ്രസ്ഥാനങ്ങള്‍,ദേശീയ വാദികള്‍ എന്ന് വേണ്ട എല്ലാ കല്ല്‌ കരട് കാഞ്ഞിര കുറ്റി മുതല്‍ മുള്ള് മുരട്‌ മൂര്‍ഖന്‍ പാമ്പ്‌ സംഘങ്ങള്‍  ഭൂലോകത്ത് സാമ്രാജ്യം കെട്ടിപടുത്താനും,നമ്മള്‍ മാത്രമാണ് ശരി എന്ന് വരുത്തി തീര്‍ക്കാനും വേണ്ടി  ഭീകരവാദത്തേയും,തീവ്രവാദത്തേയും അതി സമര്‍ത്ഥമായി സമൂഹത്തില്‍ തിരുകി കയറ്റി.സ്വന്തം വാദം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുമ്പോള്‍ ഉണ്ടാവുന്ന വാദം തീവ്രവാദമെങ്കില്‍ അതെ വാദം ഭീതി പരത്തി കൊന്നും,കവര്‍ന്നും ഭീകര അന്തരീക്ഷം ഉണ്ടാക്കുന്നതിനെ ഭീകരവാദം എന്നും നിര്‍വചിക്കേണ്ടി വരും.

ലോകത്ത് ഒട്ടനവധി തീവ്രവാദ,ഭീകരവാദ സംഘടനകള്‍ ഉദയം കൊള്ളുകയും അത് പോലെ തന്നെ അണഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്.പക്ഷെ അന്നൊന്നും അതിനു തീവ്ര,ഭീകര എന്ന പേരുകള്‍ ആരും വിളിച്ചില്ല,വ്യാഖാനിച്ചില്ല എന്നത് വേറൊരു സത്യം.തൊണ്ണൂറുകള്‍ക്ക് ശേഷം മാത്രമാണ് ലോകത്ത് വ്യാപകമായി Terrorist എന്ന പദം ഉപയോഗിച്ചതും,അത് പൊതു ജന ശ്രദ്ധയില്‍ പെടുന്നതും.

തീവ്രവാദത്തിന്റെയും,ഭീകരവാദത്തിന്റെയും വകയിലെ ഒരു അടുത്ത ബന്ധുവാണ് "വര്‍ഗീയത"!!ഭീകര വാദത്തിന്റെയും,തീവ്രവാദത്തിന്റെയും ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടു പടി അല്ലെങ്കില്‍ ചട്ടുകമാണ്‌ വകയിലുള്ള ബന്ധുവായ വര്‍ഗീയത!!മുകളില്‍ പറഞ്ഞ എല്ലാ കല്ല്‌ കരട് കാഞ്ഞിര കുറ്റി മുതല്‍ മുള്ള് മുരട്‌ മൂര്‍ഖന്‍ പാമ്പ്‌ വരെയുള്ള സംഘങ്ങള്‍ തന്ത്രപരമായ പല നിഗൂഡ ലക്ഷ്യങ്ങളും ഇന്ത്യയില്‍ നിറവേറ്റുന്നത് ഇന്ന് കാണുന്ന രീതിയിലുള്ള വര്‍ഗീയ ലഹളകള്‍ എന്ന പുക മറകള്‍ സൃഷ്ടിച്ച് കൊണ്ടാണ്.അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് മുസാഫിര്‍ നഗറില്‍ ഇപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്ന ലഹളകള്‍.
ഇന്ത്യയിലെ വര്‍ഗീയ ലഹളകളുടെ താഴ്വേരുകള്‍ തേടിയാല്‍ ഇന്ന് ഇന്ത്യയിലേക്ക് ഇ മാലിന്യങ്ങള്‍ കപ്പലില്‍ കൊണ്ട് തള്ളുന്നത് പോലെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യാ മഹാരാജ്യം അടക്കി ഭരിക്കാന്‍ കൊണ്ട് തള്ളിയ  തൊലിവെളുത്ത സായിപ്പന്മാര്‍ കൊണ്ട് തള്ളിയ Divide&Rule എന്ന ആശയം അവര്‍ സമര്‍ത്ഥമായി ഉപയോഗിച്ചതിലേക്ക് എത്തും .അതിന്റെ അനന്തര ഫലമായിട്ടാണ് ഇന്നുള്ള വര്‍ഗീയ ലഹളകള്‍ അരങ്ങേറുന്നത് എന്നത് നഗ്ന സത്യം.വിദേശ വസ്ത്രങ്ങള്‍ ചുട്ടും മറ്റും നാം സ്വാതന്ത്ര്യം നേടി പക്ഷെ അവര്‍ കൊണ്ട് തള്ളിയ 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന നാറിയ ആശയം പേറി ഇന്നും അഭിമാന പൂരിതമായും,ചോര തിളപ്പിച്ചും നമ്മുടെ രാഷ്ട്രീയ ശിഖണ്ടികള്‍ അധികാരത്തിന്‍റെ മടിത്തട്ടില്‍ മസ്താടി മുന്നേറുകയാണ്,പലപ്പോഴും അത്തരം ശിഖണ്ടികള്‍ക്ക് ബുദ്ധി പണയം വെച്ച ചാവേര്‍ സംഘമായി തീരുകയാണ് നമ്മുടെ സമൂഹം.

വിജയ ചിഹ്നമായി ഇംഗ്ലീഷ് അക്ഷരമായ V എന്ന് വിരലുകള്‍ ഉയര്‍ത്തികാണിക്കുന്ന രീതി ലോകത്തിനു പരിചയപ്പെടുത്തിയ ബ്രിട്ടീഷ് പ്രാധനമന്ത്രിയും,രാഷ്ട്ര തന്ത്രജ്ഞനുമായ സര്‍ വിന്‍സറ്റണ്‍ ചര്‍ച്ചില്‍ ഇന്ത്യയില്‍ കപ്പലിറങ്ങിയ സായിപ്പന്മാര്‍ തിരിച്ച് കപ്പല്‍ കയറുമ്പോള്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരെ കുറിച്ച് പ്രവചിച്ചത് അപ്പടി സത്യമായി പുലര്‍ന്നു.

ഇന്ത്യയുടെ അധികാരം തെമ്മാടികളുടേയും,വഞ്ചകരുടേയും,പോക്കിരികളുടേയും,കൊള്ളക്കാരുടേയും കൈകളില്‍ എത്തും.ഇന്ത്യയുടെ നേതാക്കന്മാര്‍ സ്വഭാവഗുണമില്ലാത്ത ചണ്ടി ചവറുകള്‍ മാത്രമായിരിക്കും.അവര്‍ ജനങ്ങളെ മധുര വാക്കുകള്‍ പറഞ്ഞു മയക്കുന്ന മൂഡന്മാരുമായിരിക്കും.പാവപ്പെട്ടവരും വിഡ്ഢികളുമായ പൊതു ജനങ്ങള്‍ക്ക് കള്ളവാഗ്ദാനങ്ങള്‍ നല്‍കുന്നത് അവരുടെ രീതിയായിരിക്കും.ജനങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ അവര്‍  അവരുടെ രീതികളില്‍ നാണമില്ലാത്തവരും ദേശസ്നേഹം ഇല്ലാത്തവരുമായിരിക്കും.അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി പരിസരം മറന്ന് പരസ്പരം അടികൂടും ,ഇന്ത്യ രാഷ്ട്രീയ കലഹത്തില്‍ ഇല്ലാതാകും.നീതി എന്നത് ഒരു തമാശ വസ്തുവായി മാറും.ഒരു ദിനം വന്നെത്തും അന്ന് വായു,വെള്ളം എന്തിനു സാദാ ഉപ്പിനു പോലും ഇന്ത്യയില്‍ നികുതി ചുമത്തപ്പെടും.

ചര്‍ച്ചില്‍ സായിപ്പ് 

ചര്‍ച്ചില്‍ സായിപ്പ് അറുപത് കൊല്ലങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചത്  ഇന്ന് വള്ളി പുള്ളി തെറ്റാതെ പുലര്‍ന്നു.പക്ഷെ പുള്ളി ഒരു കാര്യം മനപ്പൂര്‍വ്വം പറയാതെ വിട്ടു നിന്നു അതാണ്‌ അവര്‍ കപ്പല്‍ കയറ്റി വിട്ട Divide &Rule!!ചര്‍ച്ചില്‍ പറഞ്ഞ തെമ്മാടികളും,കപടന്മാരുമായ ഇന്ത്യയുടെ നേതാക്കന്മാര്‍ അഥവാ നമ്മുടെ സ്വന്തം നേതാക്കന്മാര്‍  പുറത്ത് വിട്ട വാര്‍ത്ത ഏതൊരു  ഇന്ത്യക്കാരനും കണ്ണും,കാതും കൂര്‍പ്പിച്ച് ശ്രദ്ധിക്കേണ്ടതാണ്.ഇന്ത്യാ രാജ്യത്ത് കഴിഞ്ഞ എട്ടു വര്‍ഷത്തില്‍ നടന്നത് ആയിരത്തില്‍ പരം വര്‍ഗീയ ലഹളകള്‍!!അതില്‍ ഇന്ത്യയിലെ സാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളവും!!മതത്തിന്റെയും,രാഷ്ട്രീയത്തിന്റെയും പേരില്‍ തെരുവില്‍ ചുടു രക്തം ഒഴുക്കാന്‍ ആളുകള്‍ ഉള്ളടുത്തോളം കാലം വര്‍ഗീയത നാട്ടില്‍ നടമാടികൊണ്ടിരിക്കും.

ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി കാട്ടില്‍ നടക്കുന്ന മാവോയിസ്റ്റ് ആക്രമണവും,കാട്ടിലെ വര്‍ഗീയതയുമാണ് എന്ന് വിളമ്പിയ അധികാരികള്‍ നാട്ടില്‍ നടക്കുന്ന വര്‍ഗീയതയെ കണ്ടില്ലെന്നു നടിക്കുന്നു അല്ലെങ്കില്‍ അധികാരക്കസേരകള്‍ക്ക് വേണ്ടി നാട്ടില്‍ കലാപങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു.കാട്ടിലെ മാവോയിസ്റ്റ് തീവ്രവാദികളെ തളയ്ക്കാന്‍ ഉണ്ടാക്കിയ അതെ ചങ്ങലകള്‍ നാട്ടിലെ വര്‍ഗീയ കോമാരങ്ങളെ തളയ്ക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയ അപ്പോസ്തലന്മാര്‍ ശ്രമിക്കില്ല കാരണം ഇവിടെ വേലി തന്നെയാണ് വിളകള്‍ നശിപ്പിക്കുന്നത്!!

പണം വാങ്ങി വര്‍ഗീയ കലാപങ്ങള്‍ നടത്താന്‍ കരാര്‍ എടുത്ത ശ്രീ രാമ സേനയിലെ പ്രമോദ് മുത്തലിക്കുമാര്‍ നമ്മുടെ കണ്മുന്നിലുള്ള ജീവിക്കുന്ന ചില ഉദാഹരണങ്ങള്‍ മാത്രം.നാം കാണാത്ത എത്ര കരാറുകള്‍ മുത്തലിക്കുമാര്‍ അണിയറയില്‍ നടത്തിയിട്ടുണ്ടാവാം?അതില്‍ എത്ര ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ടാവാം?എന്നുള്ള വിവരം അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി കടിപിടി കൂടുന്നവര്‍ ഒരു കാലത്തും പുറത്ത് കൊണ്ട് വരാന്‍ പോകുന്നില്ല.വിവേകത്തെക്കാള്‍ കൂടുതല്‍ വികാരം കൈമുതലുള്ള ചുടുചോര്‍ വാരുന്ന കുട്ടിക്കുരങ്ങന്മാരായ ചാവേര്‍ സമൂഹം എന്ന് നാണമില്ലാത്തവരും ദേശ സ്നേഹ്മില്ലാത്തവരുമായ തെമ്മാടികളായ കപട നേതാകന്മാരുടെ പഞ്ചാരപ്പാട്ടില്‍ മതിമറന്ന് ആടാതെ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ച് എപ്പോള്‍ സമൂഹം മുന്നേറുന്നുവോ അന്ന് മാത്രമേ  ഇന്ത്യാ മഹാ രാജ്യം മാറാടും,ഗുജറാത്തും,മുസാഫിര്‍ നഗറും ആവാതിരിക്കൂകയുള്ളൂ...

ചര്‍ച്ചില്‍ സായിപ്പ് പ്രവചിച്ച എല്ലാ സ്വഭാവഗുണവുമുള്ള രാഷ്ട്രീയ നേതാവ് ഇന്ത്യാ മാഹാ രാജ്യത്തിന്‍റെ അധികാരം കയ്യാളട്ടെ!!!